അശ്രുവാല്‍ കടല്‍തീര്‍ത്തൊരാദിമ കവി പാടീ
അത്രിയാം മഹര്‍ഷിതന്നാശ്രമവാടം പൂകീ
രാമലക്ഷ്മണന്മാരും സീതയും, തപോധന
പ്രേമസൗരഭംചോരും സത്കാരംഭുജിക്കവേ
പതിനായിരമാണ്ടു വന്‍തപമനുഷ്ഠിച്ച
സതിയാമനസൂയ, വൃദ്ധയാമൃഷിഭാര്യ,
ജാനകിയാളെച്ചാരേ വിളിച്ചു, സമാരബ്ധ-
കാനനവാസക്ലാന്തി വാട്ടിയ തളിര്‍മേനി
കാറ്റിലെ വാഴയ്ക്കൊപ്പം വിറയ്ക്കും തന്‍മെയ്യോടു
ചേര്‍ത്തുമണ്‍പൊടിതാവും മൂര്‍ദ്ധനി ചുംബിച്ചോതീ:
"മകളേ പതിധര്‍മ്മചാരിണി നീയേ ഭാഗ്യ-
ത്തികവോലുവോള്‍നിന്നാല്‍ പ്രീതഞാന്‍പ്രഹൃഷ്ട ഞാന്‍
നീചനാകിലും നാഥന്‍ ദൈവതം കുലസ്ത്രീക്കു
നീ സുകൃതിനി, രാമന്‍ നിന്‍പ്രിയന്‍ ലോകപ്രിയന്‍.
ദീര്‍ഘമാം തപസ്സിനാല്‍ നേടിയകരുത്തുണ്ടെന്‍
വാക്കിനു നിനക്കുഞാനെന്തു ചെയ്യേണ്ടു ഭദ്രേ?”
ആരുടെ മഹാസിദ്ധിമഴപെയ്യിക്കെ, പ്പത്താ-
ണ്ടാതപം വരട്ടിയ പാരിതില്‍ പൂ, കായ്, തിങ്ങീ,
ഗംഗയുമൊഴുകിപോല്‍, ആരുടെ ചാരിത്രത്തിന്‍
തുംഗവൈഭവാല്‍ കാമപ്രാര്‍ത്ഥികള്‍ ത്രിമൂര്‍ത്തികള്‍
നന്മുലക്കുഞ്ഞുങ്ങളായ് മാറിപോ,ലമ്മാതാവിന്‍
മുമ്പിലഞ്ജലി പൂണ്ടു, "പോരു"മെന്നാള്‍ മൈഥിലി
ആമൊഴി കേള്‍ക്കെ പ്രീത്യാതഴുകിച്ചൊന്നാലവള്‍!
"മാമകഹര്‍ഷം നിങ്കലേതാനും ഫലിക്കട്ടെ.
മംഗളം വളര്‍ത്തട്ടെ വത്സയില്‍ ഞാന്‍ നല്‍കുമീ
യംഗരാഗവും മാല,യാടകള്‍, പണ്ടങ്ങളും
അമലാഭമീയംഗരാഗം നീയണിയുകില്‍
കമലാകാന്തന്‍ പോലെ കാന്തിമാനാം നിന്‍കാന്തന്‍"
അരികെത്തൊഴുകൈയ്യോടമരും പെണ്‍തയ്യലോ-
ടരുമക്കഥയൊന്നു ചോദിച്ചാള്‍ തപസ്വിനി.
"കേട്ടു ഞാന്‍ സ്വയംവരവിധിയാല്‍ നീ രാമനെ
വേട്ടുവെ,ന്നതൊക്കെയുമൊന്നു വിസ്തരിച്ചാലും
ഒട്ടുമേ വിടാ,തെല്ലാം നീ നിനക്കനുഭവ-
പ്പെട്ടമാതിരിയെന്നെ വര്‍ണ്ണിച്ചുകേള്‍പ്പിച്ചാലും.”
വ്രീളയാല്‍ മുഖം ചോന്നു താഴ്കിലു,മകളങ്ക-
ശീലമാമൃജുതയാലൊക്കെയും ചൊന്നാള്‍ തന്വി.
പൂട്ടിയ ചാലില്‍ തന്നെക്കണ്ടെടു'ത്തിതുഭാഗ്യം
കാട്ടിയനിധി'യെന്നു തന്‍ താതനൊക്കത്തേറ്റി.
മകളാക്കിയോരിമ്പം തുടങ്ങി, സ്വയംവര-
പ്പുകളാലിരമ്പുന്ന മിഥിലാപുരിതന്നില്‍
ഛിന്നമാം ധനുസ്സേന്തും രാഘവന്‍, മുറിഞ്ഞുള്ളൊ-
രിന്ദ്രചാപത്തെപ്പൂണ്ട മുകിലിന്‍ പടി നില്‍ക്കെ,
ആ മനോഹരനെത്താന്‍ പുതുമണ്ണുപോ, ലിമ
ത്തൂര്‍മയാല്‍ മാഴ്കും കണ്ണാല്‍ കണ്ടതും കുളിര്‍ത്തതും
അനുരാഗിയാകിലും രാഘവന്‍, പിതാവിന്റെ-
യനുവാദത്തെക്കാത്തു നാള്‍കഴിച്ചതു,മെല്ലാം
ഓമലാള്‍ കഥിക്കെ, യാക്കഥയില്‍ ജീവിച്ചാ,ളാ-
പ്രേമവിസ്മയാഹ്ലാദവശയാമനസൂയ
കിളിയും മാനും ചാഞ്ഞു പിന്നെ,യക്കപോതമെ-
യ്യൊളിയാം ഹോമപ്പുക പൊങ്ങവേ നിഴലുകള്‍
കൃഷ്ണസാരത്തെപ്പോലെ കറുക്കെ, സ്സന്ധ്യാകര്‍മ്മ
സ്വച്ഛരായുടജത്തില്‍ ഫലമൂലാഹാരത്താല്‍
തൃപ്തരായെല്ലാവരു,മോടലെണ്ണതന്‍ സൗമ്യ-
സ്നിഗ്ദ്ധമാം പ്രകാശത്തിലിരിക്കെ മുനിപത്നി
സീതയെ വിളിച്ചോതീ രഹസി, "കൊതിയുണ്ടെന്‍
ചേതസി, നീചാര്‍ത്തുക ഞാന്‍ തന്ന ചമയങ്ങള്‍"
ആദരാല്‍ ശുചിസ്മിതയണിഞ്ഞാളവയെല്ലാം,
ആടയാഭരണങ്ങള്‍ മാലയും കുറിക്കൂട്ടും
പിന്നെയാപ്പൊന്‍കാപ്പണിക്കൈ പിടി,ച്ചനസൂയ
തന്വിയെത്താന്‍താന്‍ സദസ്സിങ്കലേയ്ക്കെത്തിക്കവേ,
ഓമലാള്‍ താരാകീര്‍ണ്ണരാവുപോല്‍ വിളങ്ങവേ
രാമചന്ദ്രനും കണ്ടു പുഞ്ചിരിപൊഴിക്കവേ
അന്തരാ കൃതാര്‍ത്ഥയായ് പൊന്‍മകളുടെ വേളി-
പ്പന്തലില്‍നില്‍ക്കുംപോലെ പുളകംപൂണ്ടു വൃദ്ധ!
പതിനായിരം വര്‍ഷം വന്‍തപം നോറ്റുള്ളോളേ
വ്രതകാര്‍ശ്യത്താല്‍ ചുക്കിച്ചുളിഞ്ഞു നരച്ചോളേ
ദേവിയാമനസ്സൂയേ ബ്രഹ്മലോകത്തില്‍ ചിരം
നീ വിരുന്നേറ്റാലെന്തു? മഹത്താം നിന്‍ മാതൃത്വം
കൊതികൊള്‍കയാം മണ്ണിന്‍ മകള്‍തന്‍ പരിണയ-
കഥ കേള്‍ക്കുവാന്‍ അതില്‍ കരളാല്‍ സംബന്ധിപ്പാന്‍
അവളെപ്പട്ടും പൊന്നും ചാര്‍ത്തിപ്പാന്‍ മണാളന്റെ-
യരികേ നിര്‍ത്തിച്ചന്തം കണ്ടു കണ്‍നിറയ്ക്കുവാന്‍
മണ്ണുനീ കാലാകാലം ജ്യോതിസ്സിന്‍ പഥംതാണ്ടി-
ത്തന്നുടല്‍ചുളിഞ്ഞോളാമീപ്പുരാതന ഭൂമി
ആര്‍ദ്രയായ് തന്‍മക്കള്‍തന്‍ കല്യാണരംഗത്തിങ്കല്‍-
ദ്ധൂര്‍ത്തടിക്കുവോളല്ലോ സ്വതപഃസുകൃതങ്ങള്‍
ചെറുമീനിണയ്ക്കായിസ്സാഗരം തീര്‍പ്പൂമാതാ-
വിരുപൂവിനുവേണ്ടി വസന്തം ചമയ്ക്കുന്നു.
പുഴുവെപ്പൂമ്പാറ്റയായുടുപ്പിക്കുന്നൂ മാനിന്‍
വഴിയേ തിരുമണക്കസ്തൂരിമണം ചേര്‍പ്പൂ.
തന്‍പ്രിയ സീതക്കുട്ടി രാമനെവേള്‍ക്കുന്നതെ-
ങ്ങമ്മയ,ങ്ങഭിമാന പുളകം പൂണ്ടേ നില്പൂ.
നവതാരുണിയാല്‍ താനണിയിച്ചൊരുക്കിയോ-
രവരെപ്പോലാര്‍ക്കുള്ളൂ വീര്യവും സൗന്ദര്യവും?
താടിനീണ്ട സൗഭാഗ്യം നന്മ നേരട്ടെ,മുടി
ചൂടിയ ധര്‍മ്മം പൂര്‍ണ്ണപുണ്യത പൂകീടട്ടേ
"മക്കളേ, കരള്‍ചേര്‍ത്തു നിങ്ങള്‍കൈകളും കോര്‍ത്തു
നില്‍ക്കുമീയനവദ്യോജ്ജ്വലമാം മുഹൂര്‍ത്തത്തില്‍
അറിവാല്‍ നരച്ചോരീശ്ശോകമൂകയാമമ്മ
യതിമുഗ്ദ്ധയായ് നെഞ്ചിലിക്കിളി പൂണ്ടേ വാഴ്വൂ
ചേതസ്സില്‍ പണ്ടേ തായ കുടിവച്ചൊരാജ്ജാത
വേദസ്സിന്‍ ചുറ്റും നിങ്ങളിങ്ങനെ വലംവയ്ക്കെ,
'ഞങ്ങളൊ,ന്നൊന്നീ ഞങ്ങ'ളെന്നു നിങ്ങടെഹൃദ-
ങ്ങളൊപ്പമേ ചൊല്ലുമദ്വൈത സൂക്തത്തിങ്കല്‍
ഭാവിതന്നിളംകൊഞ്ചല്‍ കേള്‍ക്കെ, യമ്മാതാവിന്നു
ദേവലോകവും തുച്ഛം നിര്‍ഗ്ഗന്ധം ചിദാനന്ദം!”
-വൈലോപ്പിള്ളി ശ്രീധരമേനോന്‍
***
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ